ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചെന്നീര്‍ക്കരയെക്കുറിച്ചു പരാമര്‍ശിക്കുന്ന ചരിത്രരേഖകളില്‍ പ്രാമാണ്യം അര്‍ഹിക്കുന്നത് റോബര്‍ട്ട് സീവെല്ലിന്റെ ദക്ഷിണേന്ത്യന്‍ ലിഖിതങ്ങളാണ് (സൌത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സ്). കൊടുമണ്‍ ഭൂവിഭാഗം ഉള്‍പ്പെടുന്ന ചെന്നീര്‍ക്കര സ്വരൂപം ശക്തി ഭദ്രന്‍ എന്ന സ്ഥാനപ്പേരോടുകൂടിയ രാജാക്കന്മാരാണ് ഭരണം നടത്തിയിരുന്നതെന്ന് റോബര്‍ട്ട് സീവെല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചെന്നീര്‍ക്കര രാജകുടുംബം ചെന്നീര്‍ക്കരയില്‍ നിന്നും കൊടുമണ്ണില്‍ ഏതുകാലത്ത് ആസ്ഥാനം ഉറപ്പിച്ചു എന്നു സമര്‍ത്ഥിക്കുന്നതിനുള്ള ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും ചെന്നീര്‍ക്കര രാജകുടുംബത്തിന്റെ മൂലഗൃഹം ചെന്നീര്‍ക്കരയില്‍ ഇന്നു കാണുന്ന പുരാതനതറവാടായ വലിയതറയാണെന്ന് അനുമാനിക്കാന്‍ കഴിയുന്ന രീതിയില്‍ പൌരാണിക തച്ചുശാസ്ത്രപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന വലിയതറഗൃഹവും, ക്ഷേത്രവും വിസ്തൃതമായ കാവുകളും ഇന്നും നിലകൊള്ളുന്നു. കാലപ്രവാഹത്തില്‍ ചെന്നീര്‍ക്കര രാജകുടുംബം അന്യംനിന്നുപോവുകയും പാണ്ഡ്യരാജവംശമായ പന്തളംനാട്ടുരാജ്യത്തില്‍ ലയിക്കുകയും ചെയ്തു. തിരുവിതാംകൂറിന്റെ മഹാരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ യുദ്ധച്ചെലവിലേക്കായി കപ്പം കൊടുക്കാനുള്ള ആസ്തി ഇല്ലാതിരുന്നതിനാല്‍ ഈ നാട്ടുരാജ്യം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായിത്തീരുകയും ചെയ്തു. എ.ഡി.ഒന്‍പതാം ശതകത്തില്‍ ചെന്നീര്‍ക്കര സ്വരൂപത്തില്‍ ജനിച്ച മലയാളബ്രാഹ്മണനായിരുന്ന ശക്തി ഭദ്രന്‍ എന്ന സംസ്കൃതകവിയാണ് തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്കൃതനാടകമായ ആശ്ചര്യചൂഡാമണിയുടെ കര്‍ത്താവെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം ശങ്കരാചാര്യരുടെ സമകാലീനനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നീര്‍ക്കര എന്ന സ്ഥലനാമത്തിന് ഭാഷാപരമായ വ്യാഖ്യാനം ഒന്നിലധികം പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇതില്‍ പ്രാമാണ്യം അര്‍ഹിക്കുന്നത് ചെമന്ന നീര്‍ (ചെം+നീര്‍) ലോപിച്ച് ചെന്നീര്‍ ഉണ്ടായി എന്നതാണ്. യുദ്ധങ്ങള്‍ നടന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ ചെന്നീര്‍ക്കര (ചോര വീണ സ്ഥലം) എന്ന വ്യാഖ്യാനത്തിനാണ് കൂടുതല്‍ വിശ്വാസ്യതയുള്ളത്. ഒരുകാലത്ത് പടയാളികള്‍ക്ക് യുദ്ധമുറകള്‍ അഭ്യസിക്കുന്നതിനുള്ള സ്ഥലമായിരുന്നു ചെന്നീര്‍ക്കര മുറിപ്പാറമണ്‍ മൈതാനം എന്ന ചരിത്രപരാമര്‍ശത്തില്‍ നിന്നും മേല്‍പ്പറഞ്ഞ വാദഗതിക്ക് പ്രസക്തിയേറുന്നു. പ്രകൃതിരമണീയതകൊണ്ടും സാംസ്കാരിക പൈതൃകംകൊണ്ടും അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്. ചെന്നീര്‍ക്കര സ്വരൂപത്തിലെ നാടുവാഴികള്‍ പണികഴിപ്പിച്ച തുമ്പമണ്‍ വടക്കുംനാഥക്ഷേത്രത്തിലെ ചുമര്‍ച്ചിത്രങ്ങളും ദാരുശില്‍പ്പങ്ങളും ക്ഷേത്രത്തിന്റെ വാസ്തുകലാഭംഗിയും ചെന്നീര്‍ക്കരയുടെ സാംസ്കാരികചരിത്രത്തിന്റെ പഴമയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളാണ്. പച്ചിലച്ചാറ്, നിറമുള്ള കല്ല്, കരിക്കട്ട തുടങ്ങി പ്രകൃതിയില്‍ നിന്നു നേരിട്ടെടുത്ത വസ്തുക്കള്‍ ഉപയോഗിച്ചു വരച്ച ചുമര്‍ച്ചിത്രങ്ങള്‍ ഇക്കാലമത്രയും കേടുപാടുകൂടാതെ നിലനില്‍ക്കുന്നുവെന്നത് ചിത്രകലാ സങ്കേതങ്ങളുടെ അക്കാലത്തെ മികവിനെയാണ് സൂചിപ്പിക്കുന്നത്. മോറാന്‍ മാര്‍ ഇഗ്നാത്യോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന മഞ്ഞിനിക്കരയിലെ ക്രിസ്തീയ തീര്‍ത്ഥാടനകേന്ദ്രം രാജ്യാന്തരപ്രശസ്തി നേടിയിട്ടുള്ളതാണ്. ഈ തീര്‍ത്ഥാടനകേന്ദ്രമടങ്ങുന്ന മഞ്ഞിനിക്കര ദയറ, ശതാബ്ദി ആഘോഷിച്ച തുമ്പമണ്‍ ബഥേല്‍ മാര്‍ത്തോമ്മാ ഇടവക, തുമ്പമണ്‍ കദീസ്താ ഓര്‍ത്തഡോക്സ് പള്ളി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ക്രിസ്തീയ ദേവലായങ്ങള്‍. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ഭാഗമായി മുറിപ്പാറമണ്ണില്‍ നടന്ന മഹാസമ്മേളനത്തിലും 38-ലെ നിയമലംഘനസമരത്തിന്റെ ഭാഗമായി അമ്പലത്തുമ്പാട്ട് നടന്ന നിയമലംഘന പ്രഖ്യാപനത്തിലും ഈ പ്രദേശത്തു നിന്നും നിരവധി ദേശസ്നേഹികള്‍ പങ്കെടുത്തിട്ടുണ്ട്. നല്ലാനിക്കുന്ന് വെട്ടിനില്‍ക്കുന്നതില്‍ അഡ്വ:വി.കെ.വര്‍ഗീസ് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്ന മാന്യദേഹമാണ്.
1953-ല്‍ ചെന്നീര്‍ക്കര പഞ്ചായത്തു രൂപീകരിക്കുന്നതിനു മുമ്പ് ഓമല്ലൂര്‍ വില്ലേജ് യൂണിയന്റെ ഭാഗമായിരുന്നു ഈ പ്രദേശം. പഞ്ചായത്തുരൂപീകരണത്തെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ദ്വയാംഗമണ്ഡലമുള്‍പ്പെടെ 6 വാര്‍ഡുകളില്‍ നിന്നും 7 മെമ്പര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പഴയകാലത്ത് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കി കൃഷി ചെയ്തിരുന്ന നെല്‍പ്പാടങ്ങള്‍ ഇന്ന് മറ്റു കൃഷികള്‍ക്ക് വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ നികത്തി വീടു വയ്ക്കുന്നതിനും ദീര്‍ഘകാലവിളകളായ തെങ്ങ്, റബ്ബര്‍ എന്നിവ കൃഷി ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന കാഴ്ച എവിടെയും കാണാം. ക്രിസ്ത്യന്‍ മിഷണറിമാരും സ്വകാര്യ ഏജന്‍സികളുമാണ് ഈ ഗ്രാമത്തിലെയും ആധുനികരീതിയിലുള്ള വിദ്യാലയങ്ങളുടെ സ്ഥാപകര്‍. അതിനുമുമ്പ് പഴയമട്ടിലുളള ആശാന്കളരികളും, സംസ്കൃതവിദ്യാഭ്യാസ സമ്പ്രദായങ്ങളുമായിരുന്നു നിലനിന്നിരുന്നത്. അവയൊക്കെയും ഇന്ന് അന്യംനിന്നിരിക്കുകയാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ചുനോക്കുമ്പോള്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം പ്രക്കാനം സി.എം.എസ്.എല്‍.പി സ്കൂളാണെന്നുകാണുന്നു. 1875-ല്‍ സി.എം.എസ് മിഷണറിമാരാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. അച്ചന്‍കോവിലാറിന്റെ തീരത്തുള്ള ഈ പഞ്ചായത്തിലെ ജനങ്ങള്‍ ജലമാര്‍ഗ്ഗം ആലപ്പുഴ, കൊല്ലം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എം.സി റോഡുമായി ബന്ധിച്ച് ഓമല്ലൂര്‍-കുളനട റോഡ് അച്ചന്‍കോവിലാറിനു സമാന്തരമായി വികസിച്ചതോടെ ജലഗതാഗതം നിലച്ചു എന്നു പറയാം.