പഞ്ചായത്ത് ഭൂപട ചരിത്രം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ചെന്നീര്‍ക്കര. ചെന്നീര്‍ക്കര വില്ലേജിന്റെ പരിധിയിലാണ് ചെന്നീര്‍ക്കര പഞ്ചായത്ത് പ്രദേശം ഉള്‍പ്പെടുന്നത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.5 ചതുരശ്ര കിലോമീറ്ററാണ്.
പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് പത്തനംതിട്ട മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് മെഴുവേലി, കുളനട പഞ്ചായത്തുകളും, തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് ഇലന്തൂര്‍ പഞ്ചായത്തുമാണ്. പഞ്ചായത്തില്‍ ആകെ 14 വാര്‍ഡുകളുണ്ട്. ഈ പഞ്ചായത്ത് പൊതുവെ തെക്കോട്ട് ചരിഞ്ഞ പ്രദേശമാണ്. തെക്കുനിന്ന് വടക്കോട്ട് പോകുന്തോറും നദീതീരപ്രദേശം, പീഠഭൂമി, ചെറിയ കുന്നുകള്‍, താഴ്വര (നിലങ്ങള്‍), ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് ഭൂമിയുടെ കിടപ്പ്. ഈ പഞ്ചായത്തിന് കിഴക്കു-പടിഞ്ഞാറ് നീളം കുറവും തെക്കു-വടക്ക് നീളം കൂടുതലുമാണ്.
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലകളില്‍ രണ്ടാമത്തേതായ പത്തനംതിട്ട ജില്ലയുടെ ആസ്ഥാനത്തോട് തൊട്ടുകിടക്കുന്ന പഞ്ചായത്താണ് ചെന്നീര്‍ക്കര. പ്രകൃതിരമണീയത കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും അനുഗ്രഹിക്കപ്പെട്ട പ്രദേശമാണിത്.ചെന്നീര്‍ക്കര സ്വരൂപത്തിലെ നാടുവാഴികള്‍ പണികഴിപ്പിച്ച തുമ്പമണ്‍ വടക്കുംനാഥക്ഷേത്രത്തിലെ ചുമര്‍ച്ചിത്രങ്ങളും ദാരുശില്‍പ്പങ്ങളും ക്ഷേത്രത്തിന്റെ വാസ്തുകലാഭംഗിയും ചെന്നീര്‍ക്കരയുടെ സാംസ്കാരിക പൈതൃകത്തിന്റെ മികവുറ്റ തെളിവുകളാണ്.